P. A. Chacko SJ

സൃഷ്ടി കർത്താവായ ദൈവമേ, അങ്ങയുടെ സൃഷ്ടി ജാലങ്ങൾക്കിടയിൽ അങ്ങു മണ്ണിനെ മനുഷ്യരാക്കി, അവർക്കു വെളിവും വിവേകവും നൽകി അലങ്കരിച്ചല്ലോ.

ഇന്നിതാ ഈ അലങ്കാര വസ്തുക്കൾ തങ്ങളുടെ സൃഷ്ടാവിനെ മറന്നു, വെടിയും വെടികോപ്പും ആയുധമാക്കി വിലസിച്ചലറുന്നു.

നിർദോഷികളെ അവരുടെ കുരുതിക്കിരയാക്കുന്നു. അങ്ങ് കാണുന്നുണ്ടല്ലോ പശ്ചിമേഷ്യ ചോരയുടെ ചാവുകടലായി മാറുന്നത്.

മനുഷ്യന്റെ വെളിവ് എവിടെ? വിവേകമെവിടെ?
ലോകം കത്തിയെരിയുന്ന ആയുധപുര ആക്കി മാറ്റാൻ രാഷ്ട്ര നേതാക്കൾ മനസാക്ഷിയെ മുപ്പതു വെള്ളികാശിനു സാത്താന് വിൽക്കുന്നു. പരീശന്മാരായ ആയുധ വില്പന രാജ്യങ്ങൾ പണം വാരികൂട്ടുന്നു.

യുദ്ധപുരയ്ക്ക് അവർ തീ കൊളുത്തുന്നു.
റോക്കെറ്റുകളും മിസൈലുകളും വിതറി വീഴുന്നു!

കുടിലുകളും കൂടാരങ്ങളും കൂമ്പാരങ്ങളായി അവശേഷിക്കുന്നു.ആ കൂമ്പാരങ്ങൾ അനേക ലക്ഷം മനുഷ്യമക്കളുടെ ശവകുടീരങ്ങളായി മാറുന്നു.
ഇതിനാണോ അങ്ങ് മണ്ണിനു ശ്വാസവും ശക്തിയും, വിവേകവും വെളിപാടും നൽകിയത്?
അവശേഷിക്കുന്ന ഞങ്ങൾ ഈ കൂമ്പാരങ്ങളും ക്രൂരതയും കണ്ടു, ഞങ്ങളുടെ മനസാക്ഷിയെ കുഴിച്ചുമൂടി, ‘ഞാനൊന്നുമറിഞ്ഞില്ല സർവേശാ’ എന്ന നാമജപവും ഉരുവിട്ട് അന്ധ ഭക്തരായി കഴിയണമോ?

വേദങ്ങളെയും വേദപുസ്കങ്ങളെയും ആയുധമാക്കി സംഹാരവേട്ടക്കായി കച്ച കെട്ടി ഇറങ്ങുന്ന
രാഷ്‌രത്തലവന്മാരെ ഞങ്ങൾ പൂജിക്കണമോ?

ഈ സംഹാരവേട്ട ഇല്ലാതാക്കണം. ശാന്തിയിലും സമാധാനത്തിലും ജീവിതം നയിക്കാൻ ഞങ്ങൾക്കിടയാകട്ടെ.
വെറുപ്പ്‌ ചീറ്റുന്ന രാഷ്ട്രകാട്ടാളന്മാരെ അങ്ങയുടെ നീതിന്യായ കോടതിയിൽ ഹാജിരാക്കുക. അങ്ങയുടെ ന്യായം പ്രാവർത്തികമാകട്ടെ. അങ്ങയുടെ സൃഷ്ടി പുനർജീവിക്കട്ടെ!
ആമേൻ!

Leave a Reply

Your email address will not be published. Required fields are marked *