
ഫാ. പി. എ. ചാക്കോ, എസ്. ജെ.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം എട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, നമുക്കെല്ലാവർക്കും സ്വാതന്ത്ര്യവും സമത്വവും, സംസാരിക്കാനുള്ള അവകാശവും, മതത്തിനുള്ള അവകാശവും, വിദ്യാഭ്യാസത്തിനുള്ള അവകാശവും ഉറപ്പുനൽകുന്ന നമ്മുടെ സ്വന്തം ഭരണഘടനയ്ക്ക് രൂപം നൽകിയിട്ടും, നമ്മൾ എവിടെയാണ്? ജാതി തിരിച്ചും വർഗ്ഗം തിരിച്ചും സമൂഹങ്ങളെ നാം വേർതിരിക്കുന്നില്ലേ?
മനുഷ്യചരിത്രത്തിൽ തന്റേടത്തോടെ ഉണർന്ന് സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പട പൊരുതിയ പുരുഷന്മാരും സ്ത്രീകളും എക്കാലവും ഉണ്ടായിട്ടുണ്ട്. പലരും അവരുടെ രക്തം കൊണ്ടാണ് വില നൽകിയത്. പലരും കുറ്റവാളികളായും തീവ്രവാദികളായും അപലപിക്കപ്പെട്ടിട്ടുണ്ട്.
യേശുവും അവരിൽ ഒരാളായിരുന്നു. നെൽസൺ മണ്ടേല, ഗാന്ധി, പെരിയാർ, നാരായണ ഗുരു, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഒളിമ്പെ ഡി ഗൗഗസ്, ബെറ്റി ഫ്രീഡൻ, ഡെസ്മണ്ട് ടുട്ടു, റാണി ലക്ഷ്മിഭായി, ബീഗം ഹസ്രത്ത് മഹൽ, അരുണ അസഫ് അലി, കിത്തൂർ ചെന്നമ്മ, സാവിത്രിഭായി ഫൂലെ, എ. വി. കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, അയ്യങ്കാളി, തുടങ്ങി നിരവധി പേർ!
സ്വാതന്ത്ര്യത്തിനും, മനുഷ്യന്റെ അന്തസ്സിനും, വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനും, തൊട്ടുകൂടായ്മയിൽ നിന്നും, അസമത്വത്തിൽ നിന്നുമുള്ള മോചനത്തിനും വേണ്ടി പോരാടിയ പ്രക്ഷോഭങ്ങൾക്ക് കേരളത്തിലെ ദളിത് ദർശകർ തുടക്കമിട്ടു.
പൊതുനിരത്തുകളിൽ സഞ്ചരിക്കാനുള്ള അവകാശത്തിനായി 1893-ൽ തിരുവിതാംകൂർ റോഡുകളിലൂടെ പ്രശസ്തമായ വില്ലു വണ്ടി യാത്ര നടത്തി അയ്യങ്കാളി സാമൂഹികമായ എതിർപ്പിനെ ധീരമായി നേരിട്ടു. താഴ്ന്ന ജാതിക്കാരായി കണക്കാക്കപ്പെടുന്ന ആളുകൾക്ക് പൊതുനിരത്തുകളിൽ
സഞ്ചരിക്കാനോ കാളവണ്ടി സ്വന്തമാക്കാനോ അനുവാദമില്ലായിരുന്ന കാലമായിരുന്നു അത്.
ഇന്ന് സ്റ്റേജ് ആർട്ടിസ്റ്റും റാപ്പ് ഗായകനുമായ വേടൻ നമ്മുടെ തലമുറയെ അയ്യങ്കാളിയുടെ വില്ലു വണ്ടി യാത്രയെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ്.
“ഉത്തമരെല്ലാരും കല്ലെറിഞ്ഞേ
കല്ലുകൊണ്ടെൻ്റെ മുഖം മുറിഞ്ഞേ
ആ കല്ലു പെറുക്കി പാത വിരിച്ചതിൽ
വില്ലുവണ്ടിയേറി
പായുമ്പോളെന്നുടെ
തലപ്പാവിനെന്തു തിളക്കം….”
(ഗാനം വേടൻ)
ഇന്ന്, അയങ്കാളിയുടെ ചൈതന്യത്തിലും പാരമ്പര്യത്തിലും, വേടൻ എന്ന യുവ ആക്ടിവിസ്റ്റായ കവി ഉയർന്നുവന്നത് നമ്മുടെ മനഃസാക്ഷിയെ ഉണർത്താനും സമൂഹത്തിൽ തന്റെയും തന്റെ ജനങ്ങളുടെയും ഇടം വീണ്ടെടുക്കാനും വേണ്ടിയാണ്. മാനസികമായി പോലും ദളിതരെ ചെറുക്കുന്നുതിനെ നാം വർജിക്കേണ്ടിയിരിക്കുന്നു.
നീണ്ട മൂക്കുള്ളവരും അഹങ്കാരം അലങ്കാരമായി ധരിക്കുന്ന ഒരു കൂട്ടം കേരളീയർ വേടന്റെ മേൽ ചെളിവാരി എറിയുന്നതിലൂടെ ജാതി-വർഗ മനോഭാവം കാണിക്കുന്ന രീതി വളരെ ദയനീയമാണ്. ഒരു പുലിയുടെ പല്ല് അലങ്കാരമായി അയാൾക്കുണ്ടെന്നതിനാൽ അവർ അയാളെ കുറ്റവാളിയായി അപലപിക്കുന്നു. ഒരു സെലിബ്രിറ്റിയുടെ വീട്ടിൽ പ്രദർശിക്കപ്പെട്ട
ആനക്കൊമ്പിനെ ഈ സംഘം
കാർപ്പെറ്റിനു കീഴിൽ തൂത്തുവാരുന്നു. മറ്റൊരു സെലിബ്രിറ്റി തന്റെ നെഞ്ചിൽ സമാനമായ ഒരു പല്ല് തലോടുമ്പോൾ അവർ
അത് കണ്ടില്ലെന്നു നടിക്കുന്നു!
നമ്മൾ എന്തൊരു ലോകത്തിലാണ് ജീവിക്കുന്നത്!
ദളിതർ ജീവിതത്തിൽ പോരാട്ടങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ഉയർന്നുവന്നവരാണ്. എന്നിട്ടും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും അവകാശങ്ങൾ അവർക്ക് പൂർണമായി ഇതുവരെ ലഭിച്ചിട്ടില്ല.
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഉൾക്കൊള്ളാൻ മാത്രമല്ല, അവർക്ക് തുല്യ ഇടവും വേഗതയും നൽകി അവരോടൊപ്പം സഞ്ചരിക്കാനും നമ്മുടെ മാനസികാവസ്ഥയെ പരിവർത്തനം ചെയ്യേണ്ടതുണ്ട്. നമുക്ക് മനുഷ്യരാകാം, മറ്റുള്ളവരെ മനുഷ്യാന്തസ്സോടെ ജീവിക്കാൻ അനുവദിക്കാം!